പി.എസ്.സി നിയമന തട്ടിപ്പ്: ശക്തമായ ഇടപെടലിന് രാജ്ഭവൻ; പി.എസ്.സി സെക്രട്ടറിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് വിവാദത്തിൽ ശക്തമായ ഇടപെടലിന് ഒരുങ്ങി രാജ്ഭവൻ. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ചുവരുത്തി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി.
പി.എസ്.സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിൽ പി.എസ്.സി സ്വീകരിച്ച നടപടികളെക്കുറിച്ചും ഗവർണർ വിശദീകരണം തേടി.
അതേസമയം, സെക്രട്ടറിയെ ഗവർണർ വിളിച്ചുവരുത്തിയതല്ലെന്നും അദ്ദേഹം സ്വമേധയാ എത്തി വിശദീകരണം നൽകിയതാണെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവർണറെ അറിയിച്ചു. പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പി.എസ്.സിയുടെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാറുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു.



