‘എല്ലാ നിയമപരമായ രജിസ്ട്രേഷനുകളും ലൈസൻസുകളും ഉണ്ട്’; വീണയുടെ സ്ഥാപനത്തിനെതിരായ പ്രചാരണത്തിന് മറുപടിയുമായി പാർട്ണർ

കോഴിക്കോട്: പന്തീരാങ്കാവിലെ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്ന് കമ്പനിയുടെ പാർട്ണർ ഡോ. അനീസ് അറയ്ക്കൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ നിർദേശങ്ങൾ പാലിച്ചാണ് കമ്പനി ആരംഭിച്ചതെന്നും വാർത്താക്കുറിപ്പിലൂടെ അനീസ് വ്യക്തമാക്കി.

ജിഎസ്ടി രജിസ്ട്രേഷൻ, എംഎസ്എംഇ/ഉദ്യം രജിസ്ട്രേഷൻ എന്നിവയ്ക്ക് പുറമെ ഭാവിയിലെ ഉൽപന്ന വിപുലീകരണത്തിന്റെ ഭാഗമായി ഹോൾസെയിൽ ഫാർമസി ലൈസൻസും കമ്പനി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓഫിസിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതികവും രേഖകളുടെ ഫോർമാറ്റുമായി ബന്ധപ്പെട്ടതുമായ ചില തിരുത്തലുകൾ നിർദേശിച്ച് അപേക്ഷ തിരികെ നൽകിയിരുന്നു. പഞ്ചായത്ത് നിർദേശിച്ച തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അനീസ് അറിയിച്ചു.

സുതാര്യമായ ബിസിനസ് രീതികളും ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും നിരവധി ഉപഭോക്താക്കളുടെ പിന്തുണ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമ്പനിയെക്കുറിച്ചുള്ള യാഥാർഥ്യം മനസിലാക്കണമെന്നും സ്ഥാപനത്തിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ഡോ. അനീസ് അറയ്ക്കൽ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button