സമര ട്രെയിനുകൾ റദ്ദാക്കി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരേ സെപ്റ്റംബർ ഒന്നിനു ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ സി.പി.ഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക തീവണ്ടികൾ റദ്ദാക്കി. സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ മാർഗമാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷം പേരാണ് സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക തീവണ്ടികളാണ് ബുക്ക് ചെയ്തിരുന്നത്. കേരളത്തിൽ നിന്ന് 22 ബോഗികൾ അടങ്ങുന്ന ട്രെയിനാണ് ബുക്ക് ചെയ്തത്.

ഇതിനായി അഡ്വാൻസ് തുകയായി പത്തുലക്ഷം രൂപയും അടച്ചിരുന്നു. എന്നാൽ, പണം തിരിച്ചുനൽകിയതു കണ്ട് അന്വേഷിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിഞ്ഞതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും എല്ലാവർക്കും ഇതേ അനുഭവമാണ് ഉണ്ടായത്. എന്ത് ന്യായീകരണം പറഞ്ഞാലും ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുവിലകൊടുത്തും മുന്നോട്ടു പോകാനാണ് തീരുമാനമെന്നും, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും കേരളത്തിലെ പ്രവർത്തകരും നേതാക്കളും ഡൽഹിയിലെത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ജില്ലകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും. കൂടാതെ, നിയമസഭയിലെ ഉപ നേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഈ വിഷയം എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button