മെസി കേരളത്തിലെത്തിയതിലെ സാമ്പത്തിക ഇടപാടുകൾ; ഇ.ഡി പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മെസിയെ കേരളത്തിലെത്തിക്കുന്ന പദ്ധതിയുടെ സ്പോൺസർമാർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇ.ഡി പരിശോധന. പദ്ധതിയിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പ് സെക്രട്ടറി പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ പരിശോധനയെന്നാണ് വിവരം.
പദ്ധതിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ (ആർബിസി) വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം കൈമാറിയതെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ഇടപാടുകളിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് ഇ.ഡി പരിശോധിക്കും.
കരാർ വ്യവസ്ഥകൾ സർക്കാരിന്റെ അറിവില്ലാതെ ലംഘിച്ചെന്നും വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കരാർ പ്രകാരം മെസിക്ക് രണ്ട് മത്സരങ്ങൾ നടത്താനായിരുന്നു പദ്ധതി. ഇതിനായി 15 ദശലക്ഷം ഡോളർ ചെലവ് കണക്കാക്കിയിരുന്നു. എന്നാൽ പിന്നീട് മത്സരം ഒന്നായി ചുരുക്കിയിട്ടും ചെലവ് കുറച്ചില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.
പദ്ധതിയുടെ ആകെ ചെലവ് 200 കോടി രൂപയാണെന്നും 82 കോടി രൂപ ലാഭമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ തുക ആരൊക്കെ പങ്കിടുമെന്നതിലും സർക്കാരിന് ലഭിക്കുന്ന നേട്ടം എന്താണെന്നതിലും വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്പോൺസർമാരുടെ യോഗ്യത, അവരെ കണ്ടെത്തിയ രീതി, മെസിയുടെ സുരക്ഷാചെലവ് ആര് വഹിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്. വകുപ്പുതലത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ഒ.ജെ. ജെനീഷ് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകളും ബന്ധപ്പെട്ട രേഖകളും ഇ.ഡി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം



