പ്രിയദർശിനി പദ്ധതി നേട്ടമായി; ഓണക്കാലത്ത് കെഎസ്ആ‍ർടിസിക്ക് റെക്കോഡ് വരുമാനം

തിരുവനന്തപുരം: ഇത്തവണത്തെ ഓണാവധിക്കാലത്ത് വരുമാനത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി. ചതയം ദിനത്തിൽ മാത്രം 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് കെ.എസ്.ആർ.ടി.സി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്ര നേട്ടം സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ചതയം ദിനത്തിൽ 3787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സ‍ഞ്ചരിച്ച് 22,​02,​992 യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യടിക്കറ്റ് പദ്ധതി വഴിയാണ് ലഭിച്ചതെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഉത്രാട ദിനത്തിൽ 21,​45,​267 പേർ യാത്ര ചെയ്തപ്പോൾ 7,​88,​69,​459 രൂപ വരുമാനമായി ലഭിച്ചു.

ഇതിൽ പ്രിയദർശിനി പദ്ധതി വഴിയുള്ള 2,​04,​31,​007 രൂപയും ഉൾപ്പെടുന്നു.തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി. 12,95,172 യാത്രക്കാരിൽ നിന്നായി 4,77,14,150 രൂപയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം തിരുവോണത്തിന് 9,52,396 യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു കളക്ഷൻ.

അവിട്ടം ദിനത്തിൽ 3,490 ബസുകൾ സർവീസ് നടത്തിയപ്പോൾ 19,91,846 യാത്രക്കാരിൽ നിന്നായി 7,01,71,004 രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 17.81 ലക്ഷം യാത്രക്കാരും 6.15 കോടി രൂപയുമായിരുന്നു. തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാക്കിയതായും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button