അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ശരീരത്തിൽ! സുഹൈലിന്റെ പരിശോധനാഫലം പുറത്ത്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി അളവിൽ മദ്യം കണ്ടെത്തി. ഇന്നലെ രാത്രി പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഞെട്ടിപ്പിക്കുന്നതാണ് സാമ്പിൾ പരിശോധനാ റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന സാക്ഷിമൊഴികൾ ശരിവയ്ക്കുന്നതാണ് സാമ്പിൾ പരിശോധനാ റിപ്പോർട്ട്.
30 മില്ലീഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാൽ, 150 മില്ലീഗ്രാമിലധികം മദ്യം സുഹൈൽ കഴിച്ചുവെന്നാണ് പരിശോധനാ ഫലത്തിൽ പറയുന്നത്. ഇയാൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച പരിശോധനാ ഫലം ലഭിക്കാൻ വൈകും. നിലവിൽ മദ്യപിച്ച് വാഹനമോടിച്ച കുറ്റവും (MV Act 185) പ്രതിക്കെതിരെ ചേർത്തിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.



