പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പകുതിയായി കുറച്ചതായി റിപ്പോർട്ട്; ഇന്ധന ഉപഭോഗ നിയന്ത്രണ നടപടികൾക്ക് തുടക്കം

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചതായി റിപ്പോർട്ടുകൾ. അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നിർദേശമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന “ബ്ലൂ ബുക്ക്” നിയമങ്ങളിൽ മാറ്റം വരുത്താതെ തന്നെ വാഹനങ്ങളുടെ എണ്ണം 50 ശതമാനം വരെ കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും പറയുന്നു.

ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും, സ്വർണ്ണ ഉപഭോഗം നിയന്ത്രിക്കണമെന്നും, വർക്ക് ഫ്രം ഹോം രീതികൾ വ്യാപകമാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക തലത്തിലും സമാനമായ നടപടികൾക്ക് തുടക്കം കുറിച്ചതെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ ഗുജറാത്ത്, അസം സന്ദർശനങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുറച്ചിരുന്നതായി സൂചനകളുണ്ട്. ചില സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സമാന നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്രമന്ത്രി സി.ആർ. പാട്ടീൽ സുരക്ഷാ അകമ്പടി വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതായും വിവരമുണ്ട്.

വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും ചെലവ് ചുരുക്കൽ നടപടികൾ കൂടുതൽ കർശനമാകുമെന്നാണു വിലയിരുത്തൽ. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലും വിഷയങ്ങൾ ചർച്ചയായതായും സൂചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button