ഗവർണർക്കെതിരെ പിണറായി; യോഗദിന ഇടപെടൽ ഭരണഘടനാ വിരുദ്ധമെന്ന് വിമർശനം

യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ വകുപ്പുതല യോഗം വിളിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനാ കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, സമാന്തര അധികാര കേന്ദ്രമായി മാറാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണകാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച പിണറായി, വകുപ്പുകളുടെ യോഗം നേരിട്ട് വിളിച്ചത് അതീവ ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാണാനില്ലെന്നും, സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്ന ആക്ഷേപം കൂടുതൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരിട്ട് വിളിച്ചപ്പോൾ സർക്കാർ എടുത്ത നിലപാടും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമാണെന്ന് പിണറായി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ അന്തസ്സിനെയാണ് ഇത്തരം ഇടപെടലുകൾ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖല വലിയ വെല്ലുവിളി നേരിടുകയാണെന്നും പിണറായി പറഞ്ഞു. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ഒഴിവുകൾ നികത്താത്തത് ഗുരുതര പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വൈസ് ലഭിച്ച ഡോക്ടർമാരുടെ നിയമനം വൈകുന്നതിൽ സംഘടനകളുടെ ഇടപെടലും കാരണമാണെന്ന് വിമർശിച്ചു.

സ്ത്രീ സുരക്ഷയും ‘കണക്ട് ടു വർക്ക്’ പോലുള്ള പദ്ധതികളും പുതിയ സർക്കാർ തകർക്കുകയാണെന്നും പിണറായി ആരോപിച്ചു. സാമ്പത്തിക സഹായ പദ്ധതികൾ തടസ്സപ്പെടുന്നതും പെൻഷൻ വിതരണം വൈകുന്നതും അംഗീകരിക്കാനാകില്ലെന്നും, അർഹരായ എല്ലാവർക്കും സഹായം ഉടൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button