കൊലപാതകത്തിന് പിന്നാലെ നേരെ ബീവറേജിലേക്ക്; പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. ഭർത്താവായ കുട്ടികൃഷ്ണനെയാണ് ഇന്ന് വെെകിട്ട് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത വരികയാണെന്നും എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് (58) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേർന്ന ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.
തൊഴിലുറപ്പ് തൊഴിലാളികൾ സുധയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ സമീപവാസികളേയും വാർഡ് മെമ്പറെയും വിവരമറിയിച്ചു. സുധയുടെ സമീപത്ത് വാക്കത്തിയും ഉണ്ടായിരുന്നു. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.



