സൈബർ തട്ടിപ്പ് കേസുകളിൽ പെട്രോൾ പമ്പ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു; തമിഴ്നാട്ടിൽ ഇന്ധനവ്യാപാരികളുടെ പ്രതിഷേധം

ചെന്നൈ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഇടപാടുകളുടെ പേരിൽ പെട്രോൾ പമ്പ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിക്കെതിരെ തമിഴ്നാട്ടിലെ ഇന്ധനവ്യാപകർ രംഗത്ത്. ഈ നടപടി പമ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് തമിഴ്നാട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (ടിഎൻപിഡിഎ) മുന്നറിയിപ്പ് നൽകി.
പമ്പുകളുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത് എണ്ണക്കമ്പനികൾക്ക് നൽകേണ്ട തുക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ദൈനംദിന ചെലവുകളെ ബാധിക്കുമെന്ന് ടിഎൻപിഡിഎ പ്രസിഡന്റ് കെ.പി. മുരളി പറഞ്ഞു. അക്കൗണ്ടുകൾ ദീർഘനാളത്തേക്ക് മരവിപ്പിച്ചാൽ ഇന്ധനവിതരണം പോലും തടസപ്പെടുമെന്നും ഇത് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 10ന് സർക്കാരിന് നൽകിയ നിവേദനത്തിലാണ് അസോസിയേഷൻ ആശങ്ക അറിയിച്ചത്. ഓരോ പെട്രോൾ പമ്പിലും പ്രതിദിനം 200 മുതൽ 500 വരെ ഡിജിറ്റൽ ഇടപാടുകൾ നടക്കാറുണ്ട്. പല പമ്പുകളുടെയും വരുമാനത്തിന്റെ പകുതിയിലധികവും ഡിജിറ്റൽ പേയ്മെന്റുകളിലൂടെയാണ് ലഭിക്കുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ, ഡിജിറ്റൽ വാലറ്റുകൾ എന്നിവ വഴിയാണ് പമ്പുകളിൽ പണം സ്വീകരിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക പശ്ചാത്തലമോ പണത്തിന്റെ ഉറവിടമോ പരിശോധിക്കാൻ പമ്പ് ഉടമകൾക്ക് കഴിയില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതായി ഏതെങ്കിലും ഡിജിറ്റൽ ഇടപാട് കണ്ടെത്തിയാൽ പമ്പ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി പതിവായതായി അസോസിയേഷൻ ആരോപിച്ചു. ഇടപാടിന്റെ വിവരങ്ങളോ കേസിന്റെ വിശദാംശങ്ങളോ നൽകാതെ ചില ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതായും അവർ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉപഭോക്താവിൽ നിന്ന് പണം സ്വീകരിച്ചതിന്റെ പേരിൽ മാത്രം പമ്പ് ഉടമകളെ പ്രതികളാക്കുന്നത് ശരിയല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.



