വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങൾ: യുഡിഎഫ് സർക്കാർ ബിജെപിയുടെ നിയമഭേദഗതി അംഗീകരിക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കാനുള്ള നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യ ബിജെപി ഇതര സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും, ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട തന്റെ നിലപാട് വർഗീയത പരത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തുന്ന നിയമഭേദഗതി കൊണ്ടുവന്നത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, അതേ ഭേദഗതിയെ അംഗീകരിക്കുന്ന നിലപാടാണ് കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതെന്നും ആരോപിച്ചു. ഇതിലൂടെ ബിജെപി ഇതര പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യമായി കേരളം ആ ഭേദഗതി അംഗീകരിക്കുന്ന സംസ്ഥാനമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംഘപരിവാർ അജണ്ടയെ പിന്തുണയ്ക്കുന്ന നടപടിയാണെന്നും, അതാണ് താൻ തുറന്നുകാട്ടിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി. മുൻകാലങ്ങളിൽ വഖഫ് നിയമത്തിൽ ഭേദഗതികൾ വന്നിട്ടുണ്ടെങ്കിലും, വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ മതവിഭാഗത്തിന്റെയും ബോർഡുകളിൽ അതത് മതവിഭാഗത്തിലെ അംഗങ്ങൾ മാത്രമാണുള്ളതെന്നും, ബിജെപി സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

“ഈ ഭേദഗതിയെ എതിർക്കുന്നത് വർഗീയത പരത്തലാണോ? ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ?” എന്നും പിണറായി വിജയൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button