കൊലക്കുറ്റത്തിന് സതീഷിനെതിരെ തെളിവുകളില്ല; അതുല്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് നടപടി

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലപാതകക്കുറ്റം ചുമത്തില്ലെന്ന് ക്രൈംബ്രാഞ്ച്. ആത്മഹത്യാപ്രേരണക്കു​റ്റം നിലനിൽക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് നേരത്തെ തന്നെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും അറിയിച്ചിരുന്നു. സതീഷിനെതിരെ കൊലക്കു​റ്റം ചുമത്തിയതിന് മതിയായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

അതുല്യയുടെ മരണത്തിനുകാരണം സതീഷാണെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. കേസ് ആദ്യം അന്വേഷിച്ച തെക്കുംഭാഗം പൊലീസും സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് കേസേ​റ്റെടുത്ത ക്രൈംബ്രാഞ്ചും കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അന്വേഷണം തുടർന്നത്.

കേസിന്റെ ഒരുഘട്ടത്തിൽ സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.ആത്മഹത്യാപ്രേരണക്കുറ്റത്തിന് പ്രഥമദൃഷ്‌ട്യാ തന്നെ തെളിവുകളുണ്ട്. സതീഷ് ശാരീരികവും മാനസികവുമായി അതുല്യയെ പീഡിപ്പിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. കൂടാതെ അതുല്യ ബന്ധുക്കൾക്കയച്ച ഓഡിയോ സന്ദേശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഷാർജയിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. പുതിയ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.ജൂലായ് 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുറച്ച് വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്‌തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. സതീഷും ഷാർജയിലെ ഒരു കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വർഷം മുമ്പായിരുന്നു അതുല്യയും സതീഷും തമ്മിലുള്ള വിവാഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *