കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്ക് നീക്കം; ജെൻഡർ ടിക്കറ്റിങ് സംവിധാനം വഴി യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ പ്രത്യേക ജെൻഡർ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന വിവരം പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രതിദിനം എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നു എന്നതിന്റെ കൃത്യമായ കണക്ക് ശേഖരിച്ച് പദ്ധതിക്കായി ആവശ്യമായ സാമ്പത്തിക ബാധ്യത വിലയിരുത്താനാണ് ഈ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായതിനാൽ, പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 23.5 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുന്നത്. ഇതിൽ 45 ശതമാനത്തോളം സ്ത്രീകളാണെന്നാണ് വിലയിരുത്തൽ. ഓർഡിനറി, സൂപ്പർഫാസ്റ്റ് ബസ്സുകളിലായി പദ്ധതി നടപ്പിലാക്കിയാൽ പ്രതിമാസം ഏകദേശം 90 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക കണക്ക്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ അധിക തുക എങ്ങനെ കണ്ടെത്തുമെന്ന ചർച്ചയും സജീവമാണ്. കൃത്യമായ കണക്ക് ശേഖരിച്ചതിന് ശേഷമാകും സർക്കാരിന് സമഗ്ര റിപ്പോർട്ട് കൈമാറുക. ഇതിനായി കണ്ടക്ടർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് ഓരോ യാത്രക്കാരന്റെയും ലിംഗവിവരങ്ങൾ രേഖപ്പെടുത്തുന്നത്. സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയോടെ സ്ത്രീ യാത്രക്കാരും കാത്തിരിക്കുകയാണ്.
പൊതുഗതാഗത രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും യാത്രാചെലവ് കുറയ്ക്കാനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.



