നിപ ജാഗ്രത ശക്തമാക്കി; ആരോഗ്യ മന്ത്രി കോഴിക്കോട്ട്, അവലോകന യോഗം ഇന്ന്

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ കോഴിക്കോട്ടെത്തി. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളും വിവിധ വകുപ്പുകളുടെ ഏകോപനവും വിലയിരുത്തുന്നതിനായാണ് മന്ത്രിയുടെ സന്ദർശനം. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തലത്തിൽ ഏകോപനം ഇല്ലെന്ന പ്രതിപക്ഷ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ സന്ദർശനം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കളക്ടറേറ്റിലേക്ക് തിരിച്ചു. ഐസിഎംആറിന്റെ വിദഗ്ധസംഘം ഉൾപ്പെടെ പങ്കെടുക്കുന്ന അവലോകന യോഗത്തിൽ രോഗബാധിത പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം, സമ്പർക്കപ്പട്ടിക, പ്രതിരോധ നടപടികൾ എന്നിവ വിശദമായി ചർച്ച ചെയ്യും.
രോഗം സ്ഥിരീകരിച്ച രാമനാട്ടുകരയിൽ ഐസിഎംആർ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിക്കും. ജൂൺ 10-ന് നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികളുടെ സമഗ്ര അവലോകനവും നടക്കും. രാമനാട്ടുകരയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിലും യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ നാല് പേർ അതീവ അപകടസാധ്യത (High Risk) വിഭാഗത്തിലും 14 പേർ ഉയർന്ന അപകടസാധ്യത വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, നിപയ്ക്കൊപ്പം ഷിഗെല്ലയും കോളറയും സംബന്ധിച്ച ആശങ്കകളും ജില്ലയിൽ നിലനിൽക്കുകയാണ്. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഒമ്പത് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപയും മറ്റ് സാംക്രമിക രോഗങ്ങളും ഒരേസമയം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.



