വീണയ്‌ക്കെതിരെ ഇഡിയുടെ പുതിയ തെളിവുകൾ; ഇൻവോയ്സിന് മുമ്പേ ₹45 ലക്ഷം കൈപ്പറ്റിയെന്ന് ആരോപണം

കൊച്ചി: എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ വീണയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇൻവോയ്സ് നൽകുന്നതിന് മുമ്പ് തന്നെ വീണയ്ക്ക് ₹45 ലക്ഷം ലഭിച്ചെന്നും, 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ തുക മുൻകൂറായി കൈപ്പറ്റിയതെന്നും ഇഡി വ്യക്തമാക്കി.

ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റിന്റെ പേരിലായിരുന്നു വീണ പണം കൈപ്പറ്റിയതെന്നും, എക്സാലോജിക് കമ്പനിക്ക് പ്രതിമാസം ₹3 ലക്ഷം ലഭിച്ചിരുന്നുവെന്നും ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട ഇൻവോയ്സുകൾ ഐഫോണിൽ തയ്യാറാക്കിയതായും അന്വേഷണ ഏജൻസി അവകാശപ്പെടുന്നു.

അതേസമയം, സിഎംആർഎല്ലിൽ നടന്നതായി ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നേതൃത്വത്തിൽ ‘സർക്കുലർ പേയ്മെന്റ്’ രീതി പിന്തുടർന്നിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. ഇടപാടുകാർക്ക് ഇൻവോയ്സ് നൽകി ചെലവ് രേഖപ്പെടുത്തിയ ശേഷം, അതേ തുക പണമായി തിരിച്ചുവാങ്ങുന്ന രീതിയായിരുന്നു ഇതെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. ഇതിനായി ഇടപാടുകാർക്ക് കമ്മീഷനും നൽകിയിരുന്നതായും ഇഡി ആരോപിക്കുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ ഇത്തരത്തിൽ ₹182 കോടിയുടെ ക്രമക്കേട് നടന്നതായും, ശശിധരൻ കർത്ത സ്വന്തം സ്ഥാപനങ്ങളിലേക്കും കുടുംബ സ്ഥാപനമായ നിപുണയിലേക്കും പണം വകമാറ്റിയതിന് തെളിവുകൾ ലഭിച്ചതായും ഇഡി അറിയിച്ചു. ഓഹരി ഉടമകളെ അറിയിക്കാതെയായിരുന്നു ഈ സാമ്പത്തിക ഇടപാടുകളെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button