അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം

കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകുന്നതെന്ന് റൂറൽ എസ്.പി വ്യക്തമാക്കി. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.പി അറിയിച്ചു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് നൽകും.
ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ചയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോതമംഗലം പൊലീസ് ഇന്ന് തലശേരി കോടതിയിൽ നൽകും.
ഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ ‘ഓപ്പറേഷൻ ഗ്രിപ്പ്’ തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗുണ്ടകൾക്കെതിരായ നടപടികളുടെ വിശദാംശങ്ങൾ ദിവസവും പുറത്തുവിടേണ്ടതില്ലെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം. നീക്കങ്ങൾ രഹസ്യമായി നടത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിർദേശം നൽകിയിരിക്കുന്നത്.



