നീറ്റ് പുനഃപരീക്ഷ സമ്മർദ്ദം; തമിഴ്നാട്ടിൽ 19 വയസ്സുകാരിയുടെ മരണത്തിൽ ദുഃഖം വ്യാപകം

ചെന്നൈ: കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥിനി ജീവനൊടുക്കി. 19കാരിയായ അനുങ്കീർത്തനയാണ് മരിച്ചത്. നേരത്തെ രണ്ട് തവണ നീറ്റ് പരീക്ഷയെഴുതിയ അനുങ്കീർത്തന വീണ്ടും പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതിൽ വിദ്യാർത്ഥിനി അസ്വസ്ഥയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ്‌ വ്യക്തമാക്കി.

മരണവാർത്ത പുറത്തുവന്നതിനുപിന്നാലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷപാർട്ടിയായ ഡിഎംകെ സംസ്ഥാനവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ ആരംഭിച്ച നാൾമുതൽ തമിഴ്‌നാട് നിരന്തരം അവരുടെ എതിർപ്പ് അറിയിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ചെലവേറിയ കോച്ചിംഗ് താങ്ങാൻ കഴിയുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്ക് മാത്രമാണ് നീറ്റ് ഗുണം ചെയ്യുന്നതെന്നാണ് തമിഴ്‌നാടിന്റെ പ്രധാന വാദം.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും ദരിദ്രരും ഗ്രാമീണ കുടുംബങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ തിരിച്ചടിയാകുന്നുവെന്നും തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടി.നീറ്റ് പരീക്ഷ നിലവിൽ വരുന്നതിന് മുൻപ് പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്. സാധാരണക്കാരായ കുട്ടികൾക്ക് മെഡിക്കൽ പ്രവേശനത്തിന് അവസരമൊരുക്കുന്നതിന് പഴയ രീതി വഴിയൊരുക്കിയിരുന്നതായാണ് അതിനെ അനുകൂലിക്കുന്നവർ പറയുന്നത്.

നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ബിൽ പാസാക്കിയിരുന്നെങ്കിലും രാഷ്ട്രപതി അനുമതി നൽകിയില്ല. അതിനാൽ തമിഴ്‌നാട്ടിലും നീറ്റ് പരീക്ഷ തുടർന്നുപോരുകയാണ്. എന്നാൽ, അനുങ്കീർത്തനയുടെ ആത്മഹത്യയോടെ നീറ്റ് പരീക്ഷ വിദ്യാർത്ഥികളിൽ ചെലുത്തുന്ന മാനസിക സമ്മർദത്തിന്റെ ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നീറ്റ് പരീക്ഷ ആരംഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ ഏകദേശം ഇരുപതിലധികം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌‌തതായാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button