എന്റെ പ്രാർത്ഥന എപ്പോഴും അദ്ദേഹത്തോടൊപ്പം’; എ ആർ റഹ്‌മാന്റെ ഭാര്യ സൈറ ബാനു

ചെന്നൈ: തന്റെ പ്രാർത്ഥന എപ്പോഴും എ ആർ റഹ്‌മാനൊപ്പമുണ്ടെന്നും വിവാഹമോചിതരായിട്ടില്ലെന്നും തന്നെ എ ആർ റഹ്‌മാന്റെ മുൻ ഭാര്യയെന്ന് പരാമർശിക്കരുതെന്നും അഭ്യർത്ഥിച്ച് സൈറ ബാനു. വേർപിരിയുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും സൈറ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് എ ആർ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ പ്രസ്താവന പുറത്തിറക്കിയത്.

“ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചിതരല്ലെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണ്. കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലാണ് ഞങ്ങൾ വേർപിരിഞ്ഞത്. അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ ദയവായി ‘മുൻ ഭാര്യ’ എന്ന് പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു. പക്ഷേ എന്റെ പ്രാർത്ഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, ദയവായി അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കരുത്. നന്ദി”, അവർ പറഞ്ഞു.

നെഞ്ചുവേദനയെത്തുടർന്നാണ് എ ആർ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു. റഹ്‌മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *