ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച പൂർത്തിയായി; പ്രഖ്യാപനം പിന്നീട്, നിർണായക തീരുമാനത്തിനായി ഹൈക്കമാൻഡ്

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി.

യോഗത്തിൽ രാഹുൽ ഗാന്ധി, എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി ആരാകുമെന്ന് സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപ ദാസ് മുൻഷി അറിയിച്ചു.

ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന നിലപാട് ഒരു വിഭാഗം മുന്നോട്ട് വെക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശനാണെന്നതാണ് മറ്റൊരു വിലയിരുത്തൽ. അതേസമയം സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടാണ് രമേശ് ചെന്നിത്തല ഉയർത്തിയത്.

എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് ഖർഗെ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ദില്ലിയിലെ ഹൈക്കമാൻഡ് നിലപാടിനെ ആശ്രയിച്ചിരിക്കെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *