ഓർഡിനറി ബസുകൾ കുറയ്ക്കില്ലെന്ന് മന്ത്രി സി.പി. ജോൺ; സ്വകാര്യ ബസ് പ്രതിസന്ധിക്ക് പരിഹാരം തേടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും, പകരം സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കി മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഓർഡിനറി ബസ്സുകളിലാണ് നടപ്പിലാക്കുന്നത്. ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്നും, യാത്രക്കാരുടെ സൗകര്യം നോക്കി മറ്റ് ബസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ശോഭകെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.
സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ ഗൗരവമായി കാണുന്നുണ്ടെന്നും എന്നാൽ പ്രിയദർശിനി പദ്ധതിയുടെ വരവുകൊണ്ടുമാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് മുമ്പേ തന്നെ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ എണ്ണം 19,000-ത്തിൽ നിന്ന് 13,000 ആയി കുറഞ്ഞിരുന്നു.
പ്രിയദർശിനി പദ്ധതി വന്നതോടെ യാത്രക്കാർ വീണ്ടും പൊതുഗതാഗതത്തിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയെന്നും, ഈ വിജയത്തിന്റെ ഇരകളായി സ്വകാര്യ ബസ്സുകൾ മാറണമെന്ന് സർക്കാരിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്നും സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



