മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസ് വീണ്ടും മാറ്റി: അന്തിമ വാദം ജൂലൈ 7ന് സാധ്യത

ന്യൂഡൽഹി :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനാൽ ഹർജികൾ ജൂലൈ 7ലേക്ക് മാറ്റുകയായിരുന്നു.കേസ് മുൻപ് ജനുവരി 12ന് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അന്നും സമയക്കുറവ് മൂലം പരിഗണിക്കാനായിരുന്നില്ല. അതിന് മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ, ബന്ധപ്പെട്ട ചില കക്ഷികളുടെ അഭിഭാഷകർ ഹാജരാകാത്തതിനാൽ നടപടികൾ നീണ്ടുപോയിരുന്നു.കമ്പനി രജിസ്ട്രാറിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച അപേക്ഷയിൽ കോടതി കേന്ദ്രസർക്കാരിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്.വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സേവനം നൽകാതെ മാസപ്പടി ഇനത്തിൽ പണം കൈപ്പറ്റിയെന്നാരോപിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കുന്നത്.ജൂലൈ 7ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ വാദം തുടങ്ങാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *