സൗജന്യ യാത്രാ സമയത്തെക്കുറിച്ച് തെറ്റിദ്ധാരണ; മാധ്യമങ്ങൾക്ക് മുന്നിൽ ‘സോറി’ പറഞ്ഞ് പി.കെ. ശ്രീമതി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, പദ്ധതിക്ക് സമയപരിധിയില്ലെന്ന കാര്യം അറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണവുമായി. വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് അവർ ‘സോറി’ പറയുകയും ചെയ്തു.

രാവിലെ ജോലിക്ക് പോകുന്ന സാധാരണക്കാരായ സ്ത്രീകൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, സൗജന്യ യാത്രയുടെ സമയം രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരെ ആക്കണമെന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി’ പദ്ധതിയിൽ ഇത്തരത്തിലുള്ള സമയനിയന്ത്രണം ഇല്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുകയായിരുന്നു.

ഇതോടെയാണ് ഉദ്ഘാടന ദിവസത്തെ പ്രത്യേക ക്രമീകരണമാണ് താൻ തെറ്റിദ്ധരിച്ചതെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കിയത്. ജൂൺ 15-ന് പദ്ധതി ഉദ്ഘാടനം ചെയ്ത ദിവസം രാവിലെ ഒമ്പത് മണി മുതലായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഈ വിവരം അടിസ്ഥാനമാക്കിയാണ് എല്ലാ ദിവസവും ഒമ്പത് മണിക്ക് ശേഷമാണ് സൗജന്യ യാത്രയെന്ന് കരുതിയതെന്നും അവർ പറഞ്ഞു.

അതേസമയം, നിലവിൽ ചില വിഭാഗം കെ.എസ്.ആർ.ടി.സി ബസുകളിലാണ് സൗജന്യ യാത്ര ലഭ്യമാക്കിയിട്ടുള്ളതെന്നും ഇത് എല്ലാ ബസുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് പ്രഖ്യാപിച്ച ആനുകൂല്യം പൂർണമായും ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button