മെഡിക്കൽ കോളേജ് നിയമന കോഴ ആരോപണം; ജി. സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

ആലപ്പുഴ മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എംഎൽഎ ഉന്നയിച്ച കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ കോഴ വാങ്ങി നിയമനം നടത്തിയെന്നായിരുന്നു സുധാകരന്റെ ആരോപണം.

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ എംഎൽഎ എച്ച്. സലാം ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജി. സുധാകരനും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് പുതിയ നീക്കം.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിനിടെയാണ് സുധാകരൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. രണ്ട് ലക്ഷം രൂപ വീതം കോഴ വാങ്ങി നൂറുപേരെ നിയമിച്ചെന്നായിരുന്നു ആരോപണം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ, കോഴ വാങ്ങിയതായി ബോധ്യമുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അന്വേഷണം നടത്താൻ സുധാകരനെ എച്ച്. സലാം വെല്ലുവിളിച്ചിരുന്നു.

അതേസമയം, ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെയും സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വണ്ടാനം മെഡിക്കൽ കോളേജ് അങ്ങേയറ്റം ശോച്യാവസ്ഥയിലാണെന്നും നവീകരണത്തിനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button