ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; പ്ലസ് വൺ വിദ്യാർഥി വിഷം കഴിച്ച് മരിച്ചു

ജയ്‌പൂർ: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പ്ലസ് വൺ വിദ്യാർത്ഥി വിഷം കഴിച്ച് ജീവനൊടുക്കി. രാജസ്ഥാനിലെ ദദാബാരിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഹനുമാൻ നഗർ സ്വദേശി മയാങ്ക് 16) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഏകമകന്റെ വിയോഗത്തെത്തുടർന്ന് ഹൃദ്രോഗിയായ പിതാവ് ചൗത്മൽ നഗറിന്റെ ആരോഗ്യനിലയും വഷളായി. മയാങ്ക് നിരന്തരം മൊബൈൽ ഫോണിൽ സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. സംഭവദിവസം വീട്ടിൽ വച്ച് മയാങ്ക് ഗെയിം കളിക്കുന്നത് കണ്ട പിതാവ് ഫോൺ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.

തുടർന്ന് പിതാവ് ഫോൺ വാങ്ങി വയ്ക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മയാങ്ക് വിഷം കഴിച്ചത്. ഫോൺ വാങ്ങിവച്ചതിലൂടെ ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പിതാവ് ചൗത്മൽ പൊലീസിനോട് പറഞ്ഞു. മരണശേഷം പോസ്റ്റ്‌മോർട്ടം നടത്താൻ കുടുംബം വിസമ്മതിച്ചെങ്കിലും പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ അനുനയത്തിൽ സമ്മതിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button