പെരിന്തൽമണ്ണയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; നഴ്സിംഗ് വിദ്യാർഥിനിയടക്കം രണ്ട് പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയെന്ന കേസിൽ നഴ്സിംഗ് വിദ്യാർഥിനിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 11.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ ടൗണിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.
ലഹരിവസ്തുക്കൾ എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയാൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരിയിടപാടുകൾക്ക് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. വ്യക്തമാക്കി.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.



