ഡൽഹിയിൽ ഡിവൈഎഫ്ഐയുടെ അപ്രതീക്ഷിത മാർച്ച്; എ.എ. റഹീം ഉൾപ്പെടെ മുന്നൂറോളം പ്രവർത്തകർ കസ്റ്റഡിയിൽ

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധ സമരം തടയാൻ പൊലീസ് നടപടികൾ തുടരുന്നതിനിടെ ഡൽഹിയിൽ അപ്രതീക്ഷിത മാർച്ചുമായി ഡിവൈഎഫ്ഐ. എ.കെ.ജി. ഭവനിൽനിന്ന് എ.എ. റഹീം എം.പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രവർത്തകർ മാർച്ച് നടത്താൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസുകാരെ വിന്യസിച്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ആറ് ബസുകളിലായാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കിയത്.

അതേസമയം, കസ്റ്റഡിയിലെടുത്ത കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മൂന്നര മണിക്കൂറോളം വാഹനത്തിൽ വിവിധ വഴികളിലൂടെ സഞ്ചരിപ്പിച്ച ശേഷമാണ് സ്റ്റേഷനിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ സി.പി.എം നേതാക്കളെയും കേരള ഹൗസിന് മുന്നിൽ മാർച്ചിന് ഒരുങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., കെ.എൻ. ബാലഗോപാൽ, സി.എസ്. സുജാത, പി. രാജീവ്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.

എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചും ജന്തർ മന്ദറിലെത്തുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു. ഡൽഹിയിൽ വിവിധ ഇടങ്ങളിലായി പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി പ്രതിഷേധം ശക്തമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button