‘പിണറായിയെപ്പോലൊരു നേതാവിനെ ബൊലേറോയിൽ കയറ്റി എങ്ങോട്ടെന്നറിയാതെ കറക്കുന്നു’; ഡൽഹി പൊലീസ് നടപടിക്കെതിരെ വിമർശനം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിൽ എടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങോട്ടെന്നില്ലാതെ കാറിൽ കയറ്റിക്കൊണ്ടു പോകുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. പിണറായി വിജയൻ, കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവരെ ഒരുമിച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ ഒരു ബൊലേറോ കാറിൽ കയറ്റി കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഞങ്ങൾ ഛത്രസാൽ സ്റ്റേഡിയത്തിലായിരുന്നു. ഇവിടെ നിന്ന് ഞങ്ങളെ വീണ്ടും വാഹനത്തിൽ കയറ്റി ഏതോ സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ്. സ്‌റ്റേഡിയത്തിൽ കുറച്ച് സമയം ഇരുത്തിയതിന് ശേഷമാണ് വാഹനത്തിൽ കയറ്റി ഡൽഹി നഗരത്തിലൂടെ പൊലീസ് റോന്ത് ചുറ്റുകയാണ്.
ഡൽഹി നിരത്തിലൂടെ ഒന്നര മണിക്കൂർ കറക്കിയതിന് ശേഷമാണ് ഛത്രസാൽ സ്‌റ്റേഡിയത്തിൽ കൊണ്ടുവന്നത്.അവിടെ നിന്ന് ഞങ്ങളെ വീണ്ടും പൊലീസ് ജീപ്പിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോകുകയാണ്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയൻ, പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഒരു ബൊലേറോ കാറിൽ അദ്ദേഹത്തെ ഇരുത്തി എങ്ങോട്ടാണെന്ന് അറിയാതെ കറക്കിക്കൊണ്ടിരിക്കുകയാണ് ഡൽഹി പൊലീസ്’- ജോൺ ബ്രിട്ടാസ് വീഡിയോയിൽ പറഞ്ഞു.



