മദ്യനികുതി ഇളവിൽ ദുരൂഹതയെന്ന് എം.ബി രാജേഷ്; കർണാടക ലോബിയുമായി ബന്ധമുണ്ടോ എന്ന് ചോദ്യം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുത്തനെ കുറച്ചതിനെതിരെ മുൻ മന്ത്രി എം.ബി. രാജേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നികുതിയിളവിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ഇപ്പോൾ വിപണിയിൽ എത്തുന്ന സ്പിരിറ്റ് അധിഷ്ഠിത മദ്യങ്ങളുടെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി കുറച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരൊറ്റ പ്രമുഖ കമ്പനിയുടെ ആവശ്യപ്രകാരമാണ് ഈ നികുതിയിളവ് നൽകിയതെന്നും എം.ബി. രാജേഷ് ആരോപിച്ചു.

കർണാടക മദ്യലോബിയുടെ സമ്മർദ്ദമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും, ഇതിനായി മുഖ്യമന്ത്രി വി ഡി സതീശൻ എത്ര കോടി രൂപ കൈപ്പറ്റിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘റെഡി ടു ഡ്രിങ്ക്’ പാനീയങ്ങളുടെ നികുതി കുറയുന്നതോടെ അവ ശീതളപാനീയങ്ങൾ പോലെ എളുപ്പത്തിൽ ലഭ്യമാകുമെന്നും, ഇതുവഴി കുട്ടികളും യുവജനങ്ങളും വ്യാപകമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ ഒറ്റ തീരുമാനം മാത്രം ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് എം.ബി. രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച അണിയറ ഇടപാടുകൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റിലെ മദ്യനയത്തിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും എം.ബി. രാജേഷ് വിമർശിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തെ തകർക്കുന്ന രീതിയിൽ 1,534 കോടി രൂപയാണ് ബജറ്റിൽ കുറച്ചിരിക്കുന്നതെന്നും, ഇത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തുറന്ന ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button