ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി

സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിൽ വലയുമ്പോൾ ദുരിതബാധിതരെ തിരിഞ്ഞുനോക്കാതെ പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വിഭവസമൃദ്ധമായ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് മുൻപിൽ നിന്ന് നയിച്ച ഒരു ക്യാപ്റ്റൻ മുൻപ് കേരളത്തിനുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നിലവിലെ സർക്കാരിന് ദുരന്തനിവാരണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഏകോപനം പൂർണ്ണമായി പരാജയപ്പെട്ടെന്നും ആരോപിച്ചു.

അതേസമയം ഭാര്യപിതാവിനെ സന്ദർശിക്കാൻ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊതുമുതൽ ദുരുപയോഗം ചെയ്ത് നടത്തിയ ഈ സ്വകാര്യ യാത്രയുടെ മുഴുവൻ ചെലവും മുഖ്യമന്ത്രിയിൽ നിന്ന് തന്നെ ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഔദ്യോഗിക ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ രൂക്ഷമായി വിമർശിച്ച ആളാണ് വി.ഡി. സതീശനെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ നടക്കുന്ന വൻ അഴിമതി ആരോപണത്തിലും ശിവൻകുട്ടി പ്രതികരിച്ചു. സെലക്ഷൻ കമ്മിറ്റി പാനലിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും അഡീഷണൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും, ഇതിനു പിന്നിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button