‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു

കണ്ണൂർ: വി.ഡി. സതീശൻനെ അനുകൂലിച്ച് മട്ടന്നൂരിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. “പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ” എന്നെഴുതിയ ഫ്ളക്സ് ‘മട്ടന്നൂരിലെ കോൺഗ്രസുകാർ’ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫ്ളക്സ് സ്ഥാപിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധ നേടുന്നത്.
ഇതിന് മുമ്പ് ശ്രീകണ്ഠാപുരത്തും സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നായിരുന്നു ബോർഡിലെ വാചകം. കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് അവ സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിച്ച ബൂത്ത് കമ്മിറ്റിയാണ് ഈ കമ്മിറ്റിയെന്നാണ് സൂചന. എന്നാൽ ഫ്ളക്സ് സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുകയാണ്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെയും മുൻനിർത്തിയാണ് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നത്. ചർച്ചകൾ നിയന്ത്രണം വിട്ടുവെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. വിഷയത്തിൽ രാഹുൽ ഗാന്ധി കർശന നിലപാട് സ്വീകരിച്ചിട്ടും വിവാദങ്ങൾക്ക് ഇതുവരെ ശമനമില്ലെന്നാണ് റിപ്പോർട്ടുകൾ.



