ആസൂത്രണ ബോർഡിൽ വനിതകൾക്ക് ഇടമില്ലേ? മുഖ്യമന്ത്രിയുടെ നടപടിക്കായി കാത്ത് മന്ത്രി ബിന്ദു കൃഷ്ണ!

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഇക്കാര്യമുന്നയിച്ച് നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് മന്ത്രി. നയരൂപീകരണത്തിലും ആസൂത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ബോർഡിൽ നിലവിലുള്ള അഞ്ച് വിദഗ്ദ്ധ അംഗങ്ങളും പുരുഷന്മാരാണെന്ന ഘടനാപരമായ പ്രശ്നമാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.

ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത്, വികസന പ്രക്രിയയിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി വ്യക്തമാക്കി. ബോർഡിൽ ജെൻഡർ ഡെവലപ്‌മെന്റ് ചുമതല വിദഗ്ദ്ധ അംഗമായ ജി. വിജയരാഘവനാണ് നൽകിയിട്ടുള്ളതെങ്കിലും, പുതുതലമുറയുടെ കാഴ്ചപ്പാടുകൾ കൂടി ഉൾക്കൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരു വനിതാ അംഗത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്.

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ, വരാനിരിക്കുന്ന ബോർഡ്-കോർപ്പറേഷൻ പുനഃസംഘടനകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവിശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button