ബംഗാളിൽ വീണ്ടും റീപോളിംഗ്; ഫാൽത മണ്ഡലത്തിൽ മേയ് 21ന് പുതുവോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

കൊൽക്കത്ത: ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. നിരവധി പോളിംഗ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻ വോട്ടെടുപ്പ് റദ്ദാക്കി മുഴുവൻ ബൂത്തുകളിലും പുതുതായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം.

മണ്ഡലത്തിലെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 285 പോളിംഗ് സ്റ്റേഷനുകളിലാണ് റീപോളിംഗ് നടക്കുക. മെയ് 21 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 24 ന് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

ഇതിനിടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ നടന്ന റീപോളിംഗിൽ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇ.വി.എം മെഷീനിൽ ടേപ്പ് വച്ച് മറച്ചതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ചില ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹാത് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലും റീപോളിംഗ് നടന്നിരുന്നു.

അതേസമയം, സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർത്തി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും കൗണ്ടിംഗ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണൽ അവസാനിക്കും വരെ കൗണ്ടിംഗ് സെന്ററുകളിൽ തുടരാനും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നേതൃത്വം അറിയിക്കണമെന്നും നിർദേശം നൽകി.

സംസ്ഥാനത്ത് വോട്ടെണ്ണൽ നിരീക്ഷണത്തിനായി 165 പേരെ കൂടി നിയമിച്ചതായി കമ്മീഷൻ അറിയിച്ചു. കൂടാതെ, കൗണ്ടിംഗ് കേന്ദ്രങ്ങളിലെ നിയമസമാധാനം ഉറപ്പാക്കാൻ 77 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *