മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഖുശ്ബുവും സുന്ദർ സിയും

ന്യൂഡൽഹി: മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറും ഭർത്താവും സംവിധായകനുമായ സുന്ദർ സിയും. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കുടുംബം പ്രധാനമന്ത്രിക്ക് വിവാഹ ക്ഷണക്കത്ത് കൈമാറിയത്.

ഖുശ്ബുവിനും സുന്ദർ സിക്കുമൊപ്പം മകൾ അവന്തികയും പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസനും പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഔദ്യോഗിക തിരക്കുകൾക്കിടയിലും കുടുംബത്തെ കാണാൻ സമയം അനുവദിക്കുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്ത പ്രധാനമന്ത്രിയോട് ഖുശ്ബു നന്ദി രേഖപ്പെടുത്തി.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. “ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ ഇന്ന് ഡൽഹിയിൽ വച്ച് കാണാൻ സാധിച്ചതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ഞാനും എന്റെ ഭർത്താവ് സുന്ദർ സിയും ചേർന്ന് ഞങ്ങളുടെ മകളുടെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചു. പ്രധാനമന്ത്രി പ്രതിശ്രുത വധുവരന്മാരെ സ്‌നേഹപൂർവം അനുഗ്രഹിച്ചു. തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം മാറ്റിവച്ചതിന് അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,” എന്നാണ് ഖുശ്ബു കുറിച്ചത്.

അഭിനയരംഗത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് ഖുശ്ബു. നിലവിൽ ബിജെപി നേതാവായ ഖുശ്ബു തമിഴ്നാട് രാഷ്ട്രീയത്തിലും ശ്രദ്ധേയയാണ്. അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സുന്ദർ സിയും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

അതേസമയം, ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമാരംഗത്തേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ‘ആരംഭം’ എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തൃശൂർ ചാവക്കാട് നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button