‘കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി’ ജീവനൊടുക്കിയതിനെക്കുറിച്ച് ഇനി അന്വേഷണം കേരളത്തിലേക്ക്

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ‘ജയനഗര്‍ എട്ട് ബ്ലോക്കിലെ’ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നാലുമാസത്തിലേറെയായി റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുമുൻപ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രോജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നു.
ഇവയിൽ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കി. കടം വാങ്ങാതെയാണ് പ്രോജക്ടുകൾ നടപ്പാക്കുന്നതെന്ന് റോയി പലതവണ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്ന പതിവുമില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രോജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്നതും പരിശോധിക്കും.അതേസമയം, റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് അറിയിച്ചു.
റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണെന്നും കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.’തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികളില്ല. ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണ്.നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ ഞാൻ ഉണ്ടാകും’- ജോസഫ് അറിയിച്ചു.



