ദില്ലിയിൽ ഇന്ന് നിർണായക ചർച്ച; മുഖ്യമന്ത്രി പദത്തിന് കെ സി വേണുഗോപാൽ മുന്നിൽ, പിന്തുണ ഉറച്ച് വിഡി സതീശൻ ക്യാമ്പും

ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസിലെ ചർച്ചകൾ ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം ഇന്ന് വിശദമായ കൂടിക്കാഴ്ച നടത്തും. തർക്കങ്ങളില്ലാതെ സമവായം രൂപപ്പെട്ടാൽ വൈകുന്നേരത്തോടെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനം സാധ്യതയും കെ സി വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ അവകാശപ്പെടുന്നത്. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കെ സി പക്ഷം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നും ആറു മാസത്തിനുള്ളിൽ സർക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ജനപിന്തുണ കൂടുതൽ ശക്തമാകുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വിഡി സതീശൻ അനുകൂലികൾ കെ സി വേണുഗോപാലിന്റെ ഫ്ലക്സുകൾ കീറിയ സംഭവം കെ സി പക്ഷം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ്. ഉമ്മൻ ചാണ്ടിയുടെ ചിത്രവും കീറിയെന്ന വിമർശനവും അവർ ഉയർത്തുന്നുണ്ട്. കൂടാതെ, ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കാനാണ് നീക്കം.
അതേസമയം, വിഡി സതീശൻ പക്ഷവും ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കരുതെന്നും മുന്നണിയായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനാൽ ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും സതീശൻ ആവശ്യപ്പെടും. ജനവികാരവും മുന്നണി ഘടകകക്ഷികളുടെ പിന്തുണയും തനിക്കനുകൂലമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
45ലധികം എംഎൽഎമാർ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് നിരീക്ഷകരോട് ആവശ്യപ്പെട്ടുവെന്നാണ് കെ സി പക്ഷത്തിന്റെ അവകാശവാദം. ഈ കണക്ക് ഹൈക്കമാൻഡ് ഗൗരവത്തോടെ പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവർ.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വിഡി സതീശന് പിന്തുണ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ക്യാമ്പും സജീവമാണ്. സംസ്ഥാന വ്യാപകമായി ഫ്ലക്സുകൾ പതിച്ചും പ്രകടനങ്ങൾ സംഘടിപ്പിച്ചും സതീശൻ അനുകൂലികൾ രംഗത്തുണ്ട്.
ഇതിനിടെ, സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. സമവായ സ്ഥാനാർഥിയായി താൻ ഉയർന്നുവരാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുകൂലികൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങൾ കടുപ്പമാകുന്നതിനിടെ കോൺഗ്രസിന്റെ അന്തിമ തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് കേരള രാഷ്ട്രീയലോകം.



