ഭരണമാറ്റം വന്നാൽ ഉദ്യോഗസ്ഥ തലത്തിലും കൊടുംപിടി; ഐഎഎസ്-ഐപിഎസിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ്, ഐപിഎസ് തലങ്ങളിൽ വ്യാപക അഴിച്ചുപണിക്ക് സാധ്യതയെന്ന സൂചനകൾ ശക്തമാകുന്നു. പിണറായി വിജയൻ സർക്കാരിൽ പ്രധാന പദവികളിലിരുന്ന നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം ഉണ്ടാകുമെന്നാണ് ഭരണവൃത്തങ്ങളിൽ നിന്നുള്ള വിവരം. മുഖ്യമന്ത്രിയായി ആരെത്തിയാലും പൊതുഭരണത്തിലും പൊലീസിലും സമഗ്ര മാറ്റങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

അടുത്ത മാസം 30ന് ചീഫ് സെക്രട്ടറി ജയതിലക് വിരമിക്കുന്നതോടെ പുതിയ ചീഫ് സെക്രട്ടറി ആരാകുമെന്ന ചർച്ചയും സജീവമാണ്. നിലവിലെ സീനിയർ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സ്വാഭാവിക പരിഗണനയിലുള്ളത്. എന്നാൽ സിൻഹയോട് യുഡിഎഫ് നേതൃത്വത്തിന് വലിയ താൽപര്യമില്ലെന്ന സൂചനകളുണ്ട്. അദ്ദേഹത്തിന്റെ അതേ ബാച്ചിൽപ്പെട്ട സഞ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷിയെ തിരികെ വിളിച്ച് ചീഫ് സെക്രട്ടറിയാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം. അതേസമയം, ബിശ്വനാഥ് സിൻഹയ്ക്ക് ആഭ്യന്തര വകുപ്പ് നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട യോഗേഷ് ഗുപ്തയെ വീണ്ടും ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ ഫയലുകൾ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐക്ക് കൈമാറിയെന്ന വിവാദത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ മാറ്റിയത്. യോഗേഷ് ഗുപ്ത തിരിച്ചെത്തുമെന്ന സൂചന നൽകുന്ന തരത്തിൽ ബി അശോക് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ പ്രതികരണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

പൊലീസ് വകുപ്പിലും നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ ക്രമസമാധാനവും ക്രൈം ബ്രാഞ്ചും എഡിജിപി എച്ച് വെങ്കിടേഷന്റെ ചുമതലയിലാണ്. ഇന്റലിജൻസിൽ നിന്ന് പി വിജയനെ ക്രമസമാധാന ചുമതലയിലേക്ക് കൊണ്ടുവരാനാണ് സാധ്യത. എഡിജിപി ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്.

പൊലീസ് ആസ്ഥാന എഡിജിപിയായി ഗുഗുലത്ത് ലക്ഷ്മണയെ നിയമിക്കാനുള്ള നീക്കവും പുരോഗമിക്കുന്നതായി സൂചനയുണ്ട്. രണ്ട് മാസം മുൻപ് ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ വിജിലൻസ് കേസിന്റെ പേരിൽ എം ആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം പരിഗണിച്ചിരുന്നില്ല. ഇനി ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി അദ്ദേഹത്തെ പരിഗണിക്കുമോ, സ്ഥാനക്കയറ്റം നൽകിയാൽ ഏത് തസ്തികയിലേക്കാകും നിയമനം എന്നതും ശ്രദ്ധേയമാകും.

ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റാനുള്ള സാധ്യതയും ഭരണകേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്. പുതിയ സർക്കാരിന്റെ ഭരണശൈലിയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വലിയ ഉദ്യോഗസ്ഥ പുനഃക്രമീകരണത്തിനാണ് സാധ്യത ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *