മുഖ്യമന്ത്രിക്കസേരയ്ക്കായി ‘തെരുവ് യുദ്ധം’ വേണ്ട; കോൺഗ്രസിലെ വിഭാഗീയ നീക്കങ്ങൾക്ക് രാജ്‌മോഹൻ ഉണ്ണിത്താന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനകത്ത് ഉയരുന്ന പ്രതിഷേധങ്ങൾക്കും തെരുവിലെ ശക്തിപ്രകടനങ്ങൾക്കുംതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. മുഖ്യമന്ത്രിക്കസേരയുടെ പേരിൽ നടക്കുന്ന തെരുവ് രാഷ്ട്രീയം പ്രവർത്തകർ അവസാനിപ്പിക്കണമെന്നും സംഘടനാ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് തുറന്ന വിഭാഗീയ പ്രവർത്തനങ്ങളാണെന്ന് വിമർശിച്ച ഉണ്ണിത്താൻ, “തീക്കൊള്ളികൊണ്ട് തല ചൊറിയരുത്” എന്ന പരാമർശത്തിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്ക് അവസാന നിമിഷം വരെ രാഷ്ട്രീയ പോരാട്ടം നടത്താമെങ്കിലും അത് തെരുവ് യുദ്ധമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ യഥാർത്ഥ കോൺഗ്രസുകാരല്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നെങ്കിൽ അതും നശിപ്പിക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാനാകുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ഇപ്പോഴത്തെ സാഹചര്യത്തിൽ മിണ്ടാതിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലെ ആക്രമണ ഭീതിയാണ് അതിന് കാരണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്താൽ അതിനെതിരെ ഒരൊറ്റ എതിർശബ്ദവും ഉയരില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ മുസ്ലിം ലീഗ് ഉൾപ്പെടെ എല്ലാ ഘടകകക്ഷികൾക്കും അവകാശമുണ്ടെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. ആ അവകാശം ഇല്ലെന്ന് പറയാൻ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രിയും കുട പിടിക്കും” എന്ന പരാമർശത്തിലൂടെ ചില നേതാക്കളുടെ സമീപനത്തെയും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി കോൺഗ്രസിനകത്തെ തർക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.



