പി രാജുവിനെ അനുകൂലിച്ച് പറഞ്ഞതിൽ ഖേദമില്ലെന്ന് കെഇ ഇസ്മായിൽ

പാലക്കാട്: അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. പാർട്ടി നടപടിയിൽ അത്ഭുതമില്ല.

ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിൻറ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.

പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്ന കുടുംബത്തിൻറെ നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മായിലിൻറെ പ്രതികരണം. നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിൽ ഇസ്മായിലിനോട് വിശദീകരണവും തേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആറുമാസത്തെ സസ്പെൻഷൻ. ഇസ്മായിൽ നിലവിൽ പാലക്കാടി ജില്ലാ കൗൺസിലിൽ ക്ഷണിതാവാണ്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ഇനി ജില്ലാ കൗൺസിൽ അംഗീകരിച്ച് നടപ്പാക്കും.

കാനം രാജേന്ദ്രൻ്റെ കാലം മുതൽ നേതൃത്വവുമായി ഉടക്കിലാണ് കെഇ ഇസ്മായിൽ. പ്രായപരിധി മാനദണ്ഡം ഉയർത്തി ഇസ്മായിലിനെ കാനം രാജേന്ദ്രൻ വെട്ടിയിരുന്നു. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായ ശേഷവും സംസ്ഥാന നേതൃത്വുമായി ഇസ്മായിൽ അകൽച്ച തുടർന്നു. ഇതിനിടെയാണ് അച്ചടക്ക നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *