എം.വി. ഗോവിന്ദനെതിരായ കെ. സുധാകരന്റെ മാനനഷ്ടക്കേസ് തള്ളി; ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് എറണാകുളം സി.ജെ.എം കോടതി തള്ളി. പരാതിക്കാരനായ സുധാകരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് തള്ളിയത്.

2023 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെ ഉദ്ധരിച്ച് എം.വി. ഗോവിന്ദൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ചായിരുന്നു സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എം.വി. ഗോവിന്ദനോടൊപ്പം അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും ഒരു ദിനപത്രത്തിനുമെതിരെയും കേസിൽ പ്രതികളായി ഉൾപ്പെടുത്തിയിരുന്നു.

ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സുധാകരൻ യാത്ര തിരിച്ചതായിരുന്നെങ്കിലും കേസ് പരിഗണിച്ച സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കോടതി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കേസ് നടത്തിപ്പിലുണ്ടായ വീഴ്ചയാണ് കോടതി നടപടി വരാൻ കാരണമായതെന്നാണ് സുധാകരൻ പക്ഷത്തിന്റെ വിശദീകരണം. അതേസമയം, കോടതി വിധി സുധാകരന് രാഷ്ട്രീയ തിരിച്ചടിയായും എം.വി. ഗോവിന്ദന് ആശ്വാസമായും വിലയിരുത്തപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button