ബോളിവുഡ് താരങ്ങൾക്ക് വീണ്ടും ഭീഷണി; ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ കോടികൾ ആവശ്യപ്പെട്ട് സന്ദേശം!

മുംബയ്: ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ഭീഷണി സന്ദേശം. കോടികൾ ആവശ്യപ്പെട്ടാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. സന്ദേശം അയച്ചയാളുടെ ശബ്ദം പൊലീസ് നിലവിലുള്ള ശബ്ദരേഖകളുമായി താരതമ്യം ചെയ്ത് പരിശോധിച്ചുവരികയാണ്.

നടൻ തുഷാർ കപൂറിനും സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ആയുഷ്മാൻ ഖുറാനയ്ക്കും ഭീഷണിയുണ്ടായിരിക്കുന്നത്. ‘ഹാരി ബോക്സർ’ എന്ന പേരിലാണ് തുഷാർ കപൂറിന് സന്ദേശം ലഭിച്ചത്. എന്നാൽ, ഈ ശബ്ദസന്ദേശം പൊലീസ് പരിശോധിച്ചപ്പോൾ അവരുടെ കൈവശമുള്ള ഹാരി ബോക്സറുടെ ഔദ്യോഗിക ശബ്ദരേഖകളുമായി പൊരുത്തപ്പെട്ടില്ല.

ഇതോടെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പണം തട്ടാനുള്ള ശ്രമമാണോ നടന്നതെന്ന സംശയം ശക്തമാകുകയായിരുന്നു.മുംബയിൽ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്പ്പുണ്ടായതിന് പിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഒക്ടോബർ 18ന് ജുഹുവിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായത്.

താരം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും വഴിയാത്രക്കാരനും ഗുരുതര പരിക്കേറ്റിരുന്നു.ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ളവർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സംഭവത്തിൽ ഇതുവരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button