കടമെടുപ്പിൽ കണക്കുകൃത്രിമമോ? പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സി.എ.ജി. റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കടമെടുപ്പ് നടപടികളിൽ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. അധിക കടമെടുപ്പിന് അനുമതി നേടാനായി സംസ്ഥാന സർക്കാർ കണക്കുകളിൽ കൃത്രിമം കാട്ടിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
കേന്ദ്രസർക്കാരിന് സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് ഈ വ്യത്യാസം കണ്ടെത്തിയതെന്ന് സി.എ.ജി. വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, കടമെടുപ്പ് അനുമതി നേടുന്നതിനായി 12,669.92 കോടി രൂപയുടെ നിർണായക സാമ്പത്തിക ബാധ്യതകൾ സംസ്ഥാനം വെളിപ്പെടുത്തിയില്ല.
സംസ്ഥാനങ്ങൾക്ക് പൊതുവെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.എസ്.ഡി.പി.) മൂന്ന് ശതമാനം വരെയാണ് പൊതുകടമായി എടുക്കാനാവുക. ഇതിന് പുറമേ 0.50 ശതമാനം അധിക വായ്പ എടുക്കാൻ കേന്ദ്രം പ്രത്യേക അനുമതിയും നൽകിയിരുന്നു. എന്നാൽ അതിനായി കെ.എസ്.ഇ.ബി.യുടെ 90 ശതമാനം നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി 494.29 കോടി രൂപ 2024 ഡിസംബർ 26-ന് കെ.എസ്.ഇ.ബിക്ക് സർക്കാർ കൈമാറി. ഈ രേഖകൾ സഹിതമാണ് കേരളം അധിക വായ്പയ്ക്ക് കേന്ദ്രത്തെ സമീപിച്ചത്.
2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 37,512 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചത്. കടമെടുപ്പ് പരിധി കണക്കാക്കുമ്പോൾ കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്-ബജറ്റ് വായ്പകളുടെ വിവരങ്ങളും കേന്ദ്രത്തിന് നൽകേണ്ടതുണ്ട്.
എന്നാൽ 2024-25 വർഷത്തിൽ സംസ്ഥാന സർക്കാർ ഓഫ്-ബജറ്റ് വായ്പയായി വെറും 2,500 കോടി രൂപ മാത്രമാണ് കേന്ദ്രത്തെ അറിയിച്ചത്. അതേസമയം, ഇതേ കാലയളവിൽ കിഫ്ബി 8,089.92 കോടി രൂപ വായ്പയെടുത്തു. പെൻഷൻ കമ്പനിയുടെ കാര്യത്തിൽ 983.09 കോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യഥാർത്ഥ വായ്പ 5,563.09 കോടി രൂപയായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 മാർച്ച് 25-ന് കേരളത്തിന് 6,149 കോടി രൂപയുടെ അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ അനുമതി ലഭിച്ചതിന് പിന്നാലെ, മാർച്ച് 26-ന് കെ.എസ്.ഇ.ബിക്ക് നൽകിയ 494.29 കോടി രൂപ സർക്കാർ തിരിച്ചെടുത്തു.
ഇത് ക്രമരഹിതവും സാമ്പത്തിക ഔചിത്യത്തിന്റെ ഗുരുതര ലംഘനവുമാണെന്ന് സി.എ.ജി. റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ തിരിച്ചെടുത്ത തുക ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും കെ.എസ്.ഇ.ബി. സി.എ.ജിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ആരോപണങ്ങളെ സർക്കാർ തള്ളിക്കളഞ്ഞു. പ്രത്യേക നിയമപ്രകാരം രൂപീകരിച്ച സ്വതന്ത്ര കോർപ്പറേറ്റ് സ്ഥാപനമായതിനാൽ കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ കടമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. പെൻഷൻ കമ്പനിയുടെ 4,580 കോടി രൂപയുടെ വായ്പ പഴയ വായ്പകളുടെ പുതുക്കലാണെന്നും പുതിയ വായ്പയായി കണക്കാക്കിയില്ലെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ വായ്പ പുതുക്കലും തിരിച്ചടവും ഉൾപ്പെടെ എല്ലാ സാമ്പത്തിക ബാധ്യതകളും കേന്ദ്രത്തെ അറിയിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. അതിനാൽ സർക്കാരിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.



