ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങി, ഉസ്ബക്കിസ്ഥാനെതിരെ അഞ്ചടിച്ച് പോര്‍ച്ചുഗീസ് ജയം

ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കികളുടെ ജയം. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേട്ടവുമായ തിളങ്ങി. നൂനോ മെന്‍ഡസ്, റാഫേല്‍ ലിയാവോ എന്നിവരും പോര്‍ച്ചുഗലിനായി വല കുലുക്കി. ഉസ്ബക്കിസ്ഥാന്‍ ഗോള്‍കീപ്പര്‍ അബ്ദുവോഹിത് നെമാറ്റോവിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിന്റെ പട്ടികയില്‍ ഉള്‍പ്പെടും.

ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പോര്‍ച്ചുഗല്‍. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നൂനോ മെന്‍ഡസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ആദ്യ പകുതിയുടെ നിയന്ത്രണം മുഴുവനായും പോര്‍ച്ചുഗല്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഹൂസ്റ്റണില്‍.മത്സരത്തിന്റെ ആറാം മിനിറ്റില്‍ നായകന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് പോര്‍ച്ചുഗലിന് ലീഡ് നല്‍കി.

17ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് ഫ്രീകിക്ക്. മെന്‍ഡസിന്റെ വെടിച്ചില്ലന്‍ ഷോട്ട് ഉസ്ബക്കിസ്ഥാന്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയുടെ മൂലയില്‍ പറന്നിറങ്ങി. പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി.മത്സരത്തിന്റെ 39ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറ്റൊരു തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും വീണു.

അതിനിടെ ഉസ്ബക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വാര്‍ പരിശോധനയില്‍ പോര്‍ച്ചുഗീസ് പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തുവെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.രണ്ടാം പകുതിയിലും പോര്‍ച്ചുഗീസ് ആധിപത്യമാണ് ഹൂസ്റ്റണില്‍ കാണാനായത്. 60ാം മിനിറ്റില്‍ അബ്ദുവോഹിത് നെമാറ്റോവിന്റെ സെല്‍ഫ് ഗോളിലൂടെ പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ പിറന്നു. 87ാം മിനിറ്റില്‍ റാഫേല്‍ ലിയാവോയുടെ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button