കൊച്ചി മെട്രോയുടെ പേര് മാറുന്നു? ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ ആക്കാൻ സർക്കാരിന് ശുപാർശ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതിന് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.

കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. നിലവിലെ ‘കൊച്ചി’ എന്ന പേരിന് കമ്പനിയുടെ വിപുലമായ പ്രവർത്തന മേഖലയെ പൂർണമായി പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ പേര് നിർദേശിച്ചത്.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കെ.എം.ആർ.എൽ നിലവിൽ പ്രവർത്തന ലാഭത്തിലാണ്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്.

അന്തിമ പേരുമാറ്റത്തിന് നിരവധി അംഗീകാരങ്ങൾ

നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’, ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ എന്നിങ്ങനെ പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എല്ലിന്റെ നീക്കം.

ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കണം. തുടർന്ന് ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും ആവശ്യമാണ്.

പേരുമാറ്റം കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നായിരിക്കും നടപ്പാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button