എൻ.സി.പിയിൽ ആഭ്യന്തര കലഹം രൂക്ഷം; എ.കെ. ശശീന്ദ്രനെതിരെ പി.സി. ചാക്കോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എൻ.സി.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ മന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് പി.സി. ചാക്കോ രംഗത്തെത്തി. ചില നേതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങളാണ് പാർട്ടിയെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഏത് പ്രതികൂല സാഹചര്യത്തിലും എൻ.സി.പിക്ക് വിജയസാധ്യതയുണ്ടായിരുന്ന എലത്തൂർ മണ്ഡലം ഇത്തവണ നഷ്ടപ്പെടാൻ കാരണം വ്യക്തിപരമായ താൽപര്യങ്ങൾക്കായി പ്രവർത്തിച്ച ചില നേതാക്കളാണെന്ന് ചാക്കോ കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകളാണ് പാർട്ടിയെ ഒരു എം.എൽ.എ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എന്ന പ്രസ്ഥാനം വളർത്തുന്നതിന് പകരം വ്യക്തിപരമായ നേട്ടങ്ങൾക്കാണ് ചിലർ മുൻഗണന നൽകിയതെന്നും, അതിന്റെ ഫലമാണ് ഇപ്പോഴത്തെ രാഷ്ട്രീയ തിരിച്ചടിയെന്നും പി.സി. ചാക്കോ വ്യക്തമാക്കി. മുൻ സംസ്ഥാന നേതൃത്വത്തിനെതിരെയും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡന്റായതിന് ശേഷം ഒരു ജില്ലാ യോഗം പോലും വിളിച്ചുചേർത്തില്ലെന്നും, മാസങ്ങളായി പാർട്ടി പൂർണമായും നിശ്ചലമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ സംസ്ഥാന പ്രസിഡന്റായി പി.എം. സുരേഷ് ബാബുവിനെ നിയമിച്ചത് ശരിയായ തീരുമാനമാണെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻ.സി.പി ശക്തമായി തിരിച്ചുവരുമെന്നും ചാക്കോ പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനിടെ, എൻ.സി.പിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിനും പിന്നാലെ എ.കെ. ശശീന്ദ്രൻ പാർട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബുവും ആരോപിച്ചു. പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശശീന്ദ്രൻ വിഭാഗം എൻ.ഡി.എ ബന്ധം ആരോപിച്ച് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരത് പവാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സി.പി.എമ്മിന് വ്യക്തമായ ധാരണയുണ്ടെന്നും, എലത്തൂരിൽ എ.കെ. ശശീന്ദ്രനും കുട്ടനാട്ടിൽ തോമസ് കെ. തോമസും മത്സരിക്കുന്നതിനെ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും സുരേഷ് ബാബു അവകാശപ്പെട്ടു. എന്നാൽ മുന്നണി മര്യാദയുടെ ഭാഗമായി മാത്രമാണ് സംസ്ഥാന നേതൃത്വം ഇരുവർക്കും സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൻ.സി.പിയിൽ ഉയർന്നിരിക്കുന്ന പരസ്യ വിമർശനങ്ങളും നേതൃത്വത്തിനെതിരായ ആരോപണങ്ങളും പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button