കെഎസ്ആർടിസി സൗജന്യ യാത്രയോടെ വരുമാനം ഇടിഞ്ഞു; കുടുംബത്തെ കൊന്ന് വ്യാപാരി ജീവനൊടുക്കിയെന്ന് സൂചന

ബംഗളൂരു: ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനുശേഷം ബിസിനസ് തകർന്നതിൽ മനംനൊന്ത് വസ്ത്ര വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. കർണാടകയിലെ മാണ്ഡ്യയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രഭാകർ (65), ഭാര്യ ജ്യോതി (55) മകൻ സന്തോഷ് (30) എന്നിവരാണ് മരിച്ചത്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോട്ട് കോർപ്പറേഷന്റെ (കെഎസ്‌ആർടിസി) ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള ശക്തി യോജന പദ്ധതി നടപ്പാക്കിയതിനുശേഷം തന്റെ ടെക്‌സ്റ്റൈൽ ബിസിനസ് തകർന്നുവെന്നാണ് പ്രഭാകറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പദ്ധതി നടപ്പിലാക്കിയതിനുശേഷം സ്ത്രീകൾ വസ്ത്രങ്ങൾ വാങ്ങാനായി വലിയ നഗരങ്ങളിലേയ്ക്ക് പോകുന്നുവെന്നും ഇതിനാൽ തന്റെ ബിസിനസിൽ വലിയ നഷ്ടം നേരിട്ടുവെന്നും കുറിപ്പിൽ പറയുന്നു.
പ്രഭാകറിനും ജ്യോതിക്കും രണ്ട് മക്കളാണുള്ളത്. മകൾ ബംഗളൂരുവിലെ സോഫ്‌ട്‌വെയർ കമ്പനിയിലെ ജീവനക്കാരിയാണ്. ഇവർ ബംഗളൂരുവിൽ തന്നെയാണ് താമസം. മാണ്ഡ്യയിൽ ഒരു വാടകവീട്ടിലാണ് പ്രഭാകറും ഭാര്യയും മകനും മരുമകളും കഴിഞ്ഞിരുന്നത്.മുണ്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് പ്രഭാകർ ഭാര്യയെ കൊലപ്പെടുത്തിയത്. മകൻ മുറിയിലെത്തിയപ്പോൾ മകനെയും കൊലപ്പെടുത്തി. ശേഷം തന്റെ തുണിക്കടയിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
സംഭവ സമയം മരുമകൾ വീട്ടിലുണ്ടായിരുന്നെങ്കിലും മുറിയിൽ ഉറങ്ങുകയായിരുന്നതിനാൽ കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒരു മാസം മുൻപായിരുന്നു പ്രഭാകറിന്റെ മകൻ വിവാഹിതനായത്.ബിസിനസ് നഷ്ടത്തിലായതോടെ ഭവന വായ്‌പ അടച്ചുതീർക്കാൻ പ്രഭാകറിന് കഴിഞ്ഞിരുന്നില്ല. മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും അദ്ദേഹം വായ്പയെടുത്തിരുന്നു. വായ്പ നൽകുന്നവരുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് കടുത്ത തീരുമാനത്തിലെത്തിയതെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.



