നടിയെ ആക്രമിച്ച കേസ്: പുനരന്വേഷണ ഹർജിയിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ മറ്റൊരു ബെഞ്ചായിരിക്കും കേസ് ഇനി പരിഗണിക്കുക.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറ്റത്തിന് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, അദ്ദേഹം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന കാലയളവിലാണ് കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതെന്നാണ് റിപ്പോർട്ടുകൾ. ഇതാകാം പിന്മാറ്റത്തിന് കാരണമെന്നാണ് നിയമവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഹർജി പരിഗണിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം നടത്തണമെന്ന ആവശ്യവുമായാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

മെമ്മറി കാർഡിലുണ്ടായിരുന്ന പീഡന ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടുവെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് സമഗ്രമായ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button