ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് കിരീടം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ മറുപടി 159 റണ്‍സില്‍ അവസാനിച്ചു. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണ് ഇത്. 2007ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലും 2024ല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി.

256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ ഫിന്‍ അലന്‍ 9(7) ആണ് ആദ്യം പുറത്തായത്. രചിന്‍ രവീന്ദ്ര 1(2), ഗ്ലെന്‍ ഫിലിപ്‌സ് 5(5) മാര്‍ക് ചാപ്മാന്‍ 3(8) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കിവീസ് പതറി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ആക്രമിച്ച് കളിച്ച ടിം സൈഫേര്‍ട്ട് 52(26) അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ അഞ്ചാമനായി കിവീസ് വിക്കറ്റ് കീപ്പര്‍ മടങ്ങിയതോടെ തോല്‍വിയും ഉറപ്പിച്ചു.പിന്നീട് ഡാരില്‍ മിച്ചല്‍ 17(11) മിച്ചല്‍ സാന്റ്‌നര്‍ക്കൊപ്പം അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും അക്‌സറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കിവീസിന് ഒരു തിരിച്ചുവരവ് അസംഭവ്യമായി മാറുകയായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ 43(35), ജെയിംസ് നീഷം 8(7), മാറ്റ് ഹെന്റി 0(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 255 റണ്‍സ്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കുറിച്ചത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 52(21) സഞ്ജു സാംസണ്‍ 89(46) സഖ്യം ഒന്നാം വിക്കറ്റില്‍ 98 റണ്‍സാണ് 43 പന്തുകളില്‍ നിന്ന് നേടിയത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പകരമെത്തിയ കിഷന്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ചു. 25 പന്തുകളില്‍ നിന്ന് 54 റണ്‍സാണ് കിഷന്‍ നേടിയത്. സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റില്‍ 48 പന്തുകളില്‍ നിന്ന് 105 റണ്‍സിന്റെ കൂട്ടുകെട്ടിലും കിഷന്‍ പങ്കാളിയായി. എന്നാല്‍ ജിമ്മി നീഷം എറിഞ്ഞ 16ാം ഓവറില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു.

ഇതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പൂജ്യത്തിന് പുറത്തായി. തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 15 ഓവറില്‍ 203 റണ്‍സെന്ന സ്‌കോറിലെത്തിയ ഇന്ത്യ 19 ഓവറില്‍ 231ല്‍ ഒതുങ്ങി. എന്നാല്‍ നീഷം എറിഞ്ഞ അവസാന ഓവറില്‍ ശിവം ദൂബെ തുടരെ ബൗണ്ടറികള്‍ നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടന്നു. ശിവം ദൂബെ 26(8) റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 18(13) റണ്‍സ് നേടി പുറത്തായപ്പോള്‍ തിലക് വര്‍മ്മ 8(6) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.കിവീസിനായി ജിമ്മി നീഷം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നീഷത്തിന്റെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സികസും സഹിതം 24 റണ്‍സാണ് ശിവം ദൂബെ അടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button