ഉണ്ണിയുടെ മറുപടി കേട്ട് വല്ലാതെയായി, വർഷങ്ങളായി സിനിമയിലുള്ള ആളെന്ന മാന്യത പോലും കാണിച്ചില്ല; ശ്രീകുമാർ

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ ഒരു സമയത്ത് സജീവമായിരുന്നു പി. ശ്രീകുമാർ. 150ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ കർണ്ണന്റെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ ഏറെയായി. സിനിമയിലേക്ക് നായക വേഷത്തിലേക്ക് ഒരു താരവും നിർമാതാവും എത്താത്തതാണ് തിരക്കഥ സിനിമയാകാൻ കാലതാമസം എടുക്കുന്നതിന് പിന്നിൽ. ഒരിടയ്ക്ക് മമ്മൂട്ടി കർണ്ണനായി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതും പാതി വഴിയിൽ നിലച്ചു.

അടുത്തിടെ ഉണ്ണി മുകുന്ദൻ കർണ്ണന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ പി. ശ്രീകുമാർ പല നിർമ്മാതാക്കൾക്ക് മുന്നിലും കർണ്ണൻ വായിച്ച് കേൾപ്പിച്ചിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു

കർണ്ണൻ ഒന്ന് രണ്ട് വലിയ നിർമാതാക്കളുടെ അടുത്ത് കൊണ്ടുപോയി വായിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലുള്ള ആളുകൾ‌ ഇടപെട്ട് കണക്ട് ചെയ്തിട്ടാണ് ഞാൻ വായിച്ച് കേൾപ്പിക്കാൻ പോയത്. അല്ലാതെ ഞാനായിട്ട് ഇടിച്ച് കേറി പോയതല്ല. അങ്ങനെ പോയ സമയത്ത് മോശമായി പെരുമാറിയ ​ഗ്രേറ്റ് പ്രൊഡ്യൂസേഴ്സ് വരെയുണ്ട്. ഒരിക്കൽ ഒരു നിർമാതാവിനോട് കഥ പറയാൻ പോയി. ഞാൻ കഥ വായിക്കുമ്പോൾ അയാൾ ഡ്രസ്സ് ചെയ്യുകയായിരുന്നു. അത് കഴിഞ്ഞ് അയാൾ പെട്ടിയൊക്കെ പാക്ക് ചെയ്ത് എന്നേയും കൂട്ടി പുറത്തേക്കിറങ്ങി. ശേഷം കാറിലിരുന്ന് ബാക്കി കഥ വായിച്ച് കേൾപ്പിച്ചു. ഇങ്ങനെയുള്ള നിർമാതാക്കളുണ്ട്. മറ്റ് ചിലർ അഞ്ച് സീൻ വായിക്കുമ്പോഴേക്കും മതി നിർത്താൻ പറയും. ചിലരുടെ സംസാരത്തിന് ചുട്ട മറുപ‍ടി കൊടുത്ത് അടുത്ത സെക്കന്റിൽ ഓട്ടോ വിളിച്ച് തിരികെ പോന്നിട്ടുള്ള ആളുമാണ് ഞാൻ ശ്രീകുമാർ പറഞ്ഞു.

ന്യൂജനറേഷന്റെ അടുത്ത് അധികം കഥ പറയാൻ ഞാൻ പോയിട്ടില്ല. അടുത്ത കാലത്ത് ഒരു സംഭവമുണ്ടായി. അതായിരുന്നു കർണൻ സിനിമയ്ക്ക് വേണ്ടിയുള്ള അവസാനത്തെ ശ്രമം. മാളികപ്പുറം ഹിറ്റായപ്പോൾ വിജയരാഘവൻ ഉണ്ണി മുകുന്ദനോട് പറഞ്ഞു എന്റെ കയ്യിൽ ഇങ്ങനൊരു സ്ക്രിപ്റ്റുണ്ടെന്നും നിനക്ക് ചേരുന്നതാണെന്നും. ശേഷം ഉണ്ണി മുകുന്ദൻ എന്നെ വിളിച്ച് ചോദിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വന്നാൽ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. കർണ്ണനിലെ ഡയലോ​​ഗ് ഡെലിവറിക്ക് പ്രാധാന്യമുള്ളതുകൊണ്ട് അത് വായിച്ച് കേൾപ്പിക്കണം. താളത്തിൽ വായിച്ച് കൊടുത്താലെ പവർ മനസിലാകൂ. അങ്ങനെ തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ വെച്ചു. അങ്ങനെ അയാൾ തിരുവനന്തപുരത്ത് വന്നപ്പോൾ‌ ഞാൻ വിളിച്ചു

ഞാൻ പ്രമോഷനുമായി ഓടി നടക്കുകയാണ്. വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ കഴിയില്ല. അതുകൊണ്ട് ഞാൻ ആളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കാൻ ആയിരുന്നു ഉണ്ണിയുടെ മറുപടി. എത്ര വലിയ നടനായാലും ആരും എന്നോട് ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ണിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വല്ലാതെയായി. ഒന്നുമില്ലെങ്കിലും 1966 മുതൽ സിനിമയെന്ന് പറഞ്ഞ് ഇറങ്ങി നടന്നൊരാളെന്ന മാന്യതയെങ്കിലും ഇയാൾ കാണിക്കണ്ടേ. അയാളും ഞാനും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഫയർമാൻ ആയിരുന്നു സിനിമ. ആ മാന്യത പോലും കാണിക്കാതിരുന്നപ്പോൾ ഞാൻ പറഞ്ഞു ഇത് കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയം ഉണ്ടാകുമ്പോൾ വാ അപ്പോഴേക്കും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ച് കേൾപ്പിച്ച് തരാമെന്ന്. അതോടെ ഫോൺ കട്ട് ചെയ്തു. അയാൾ‌ ഇത് ചെയ്തിരുന്നുവെങ്കിൽ എവിടെ എത്തിയേനെ.

ഇവരെപ്പോയല്ല മമ്മൂട്ടി. ഒരു കഥാപാത്രമുണ്ടെന്ന് അറിഞ്ഞാൽ‌ അദ്ദേഹം പാഞ്ഞ് പിടിക്കും. മമ്മൂട്ടിയുടെ പാഷൻ ലെവലേശം അണഞ്ഞുപോയിട്ടില്ല. ആ ട്രെന്റൊന്നും ഇവരിൽ ഞാൻ കാണുന്നില്ല. അതുപോലെ ടൊവിനോ തോമസിന്റെ അടുത്ത് അങ്ങോട്ട് ഈ സ്ക്രിപ്റ്റുമായി പോയാൽ അർഹിക്കുന്ന വില തരുമോ?. അതാണ് പോകാത്തത്. എനിക്ക് കാശ് തന്നാൽ സ്ക്രിപ്റ്റ് ഞാൻ ആവശ്യക്കാർക്ക് കൊടുക്കുമെന്നും ശ്രീകുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *