ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരില്ലെന്ന് ആരോഗ്യവകുപ്പ്; സ്വന്തം നിലയിൽ നിയമനം നടത്താൻ ദേവസ്വം ബോർഡിനോട് നിർദേശം

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി സർക്കാർ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരെ വിട്ടുനൽകാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പ് കത്തയച്ചു.

ശബരിമലയിൽ സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസസൗകര്യവും നിലവാരമുള്ള ഭക്ഷണവും ഒരുക്കാറില്ലെന്നും, യാത്രാബത്ത അനുവദിക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നുവെന്നുമാണ് ആരോഗ്യവകുപ്പ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ ഓരോ വർഷവും ആരോഗ്യവകുപ്പിന് മാനവവിഭവശേഷിയിലും സാമ്പത്തികപരമായും വലിയ നഷ്ടമുണ്ടാകുന്നതായും കത്തിൽ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ, മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ദേവസ്വം ബോർഡ് പ്രത്യേകമായി ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗികമായി കത്ത് നൽകിയത്. ശബരിമല തീർഥാടനത്തിനായുള്ള ആരോഗ്യസൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾക്കും ഈ നടപടി വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button