വിമാനം തട്ടിയെടുക്കാനുള്ള നീക്കം ചെറുത്തു; ഫ്ലൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ ആദരം
ദുബായ്: വിമാനത്തിനുള്ളിൽ നടന്ന ആക്രമണവും വിമാനം തട്ടിയെടുക്കാനുള്ള നീക്കവും ധീരമായി ചെറുത്ത ഫ്ലൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ ആദരം. ഇന്ത്യൻ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ബഹുമതി സമ്മാനിച്ചത്. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും വൻ ദുരന്തം ഒഴിവാക്കുന്നതിനും ജീവനക്കാർ നടത്തിയ ഇടപെടലിനെ അംഗീകരിച്ചാണ് ആദരം.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് കോക്പിറ്റിൽവച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റിട്ടും ക്യാപ്റ്റൻ നടത്തിയ ചെറുത്തുനിൽപ്പും മറ്റ് ജീവനക്കാരുടെ ഇടപെടലും നിർണായകമായി. ജീവനക്കാരും യാത്രക്കാരും ചേർന്ന് ആക്രമിയെ കീഴടക്കിയതോടെ വൻ ദുരന്തം ഒഴിവായി.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു. പ്രതിയുടെ ലക്ഷ്യവും സംഭവത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തി.
പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ കാട്ടിയ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും യുഎഇ നേതൃത്വം അഭിനന്ദിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വന്തം ജീവൻ പോലും അപകടത്തിലാക്കി നടത്തിയ ഇടപെടലിനുള്ള അംഗീകാരമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്

